മദ്യ കമ്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വർധിപ്പിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ്’വി.ഡി. സതീശൻ വാർത്താകുറിപ്പിൽ ആരോപിച്ചു. സുതാര്യതയില്ലാത്ത തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാൻഡുകളുടെ വിലയാണ് 10 രൂപ മുതൽ 50 രൂപ വരെ വർധിപ്പിച്ചത്. ഇതിൽ സർക്കാർ ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില വർധിപ്പിച്ചിട്ടുണ്ട്. വില വർധിപ്പിച്ച മദ്യത്തിൻ്റെ പട്ടികയിൽ മദ്യ നിർമ്മാണ കമ്പനി സ്ഥാപിക്കാൻ സർക്കാർ രഹസ്യമായി അനുമതി നൽകിയ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാൻഡുകളും ഉൾപ്പെട്ടിട്ടുണ്ട്. മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിന് പിന്നാലെ മദ്യ കമ്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനം സംശയകരമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. നേരത്തെ മദ്യ കമ്പനികൾ ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിക്കൊടുത്തിരുന്നു. അന്നും നഷ്ടം നികത്തിയത് വില കൂട്ടിയാണ്. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതു പോലെ ഇപ്പോഴത്തെ തീരുമാനത്തിലും സുതാര്യതയില്ല. മദ്യവില കൂട്ടിയതുകൊണ്ട് ഉപഭോഗം കുറയില്ലെന്നതാണ് യാഥാർത്ഥ്യം. കുടുംബ ബജറ്റിലേക്കുള്ള വിഹിതത്തിൽ കുറവ് വരുന്നതിനാൽ കുട്ടികളും സ്ത്രീകളുമാകും ഇതിൻ്റെ ഇരകളായി മാറുന്നത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികൾക്ക് ലഭം ഉണ്ടാക്കിക്കൊടുക്കാൻ സർക്കാർ കൂട്ടു നിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യവില വർദ്ധിക്കുന്നത്. സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യ വിതരണം ചെയ്യുന്നത്.

Related Posts