കർണാടക സർക്കാരിൻ്റെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും ബ്രിഗേഡ് കോർണർ സ്റ്റോൺ യൂട്ടോപ്യയിലേയും പഠിതാക്കൾക്കാണ് കന്നഡ വികസന അതോറിറ്റി പ്രസിഡണ്ട് ഡോ. പുരുഷോത്തമൻ ബിളിമല അഭിനന്ദനാപത്രങ്ങൾ വിതരണം ചെയ്തത്.
കന്നഡ വികസന അതോറിറ്റിയുടെ പ്രത്യേക പരിശീലനം നേടിയ റെബിൻ രവീന്ദ്രൻ, പ്രൊഫ. രാകേശ് വി.എസ് എന്നിവരുടെ സഹകരണത്തോടെ, ഡോ.സുഷമാ ശങ്കറിൻ്റെ നേതൃത്വത്തിൽ, മെയ് 4 മുതൽ ജൂലൈ 30 വരെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിലും, ആഗസ്റ്റ് 23 മുതൽ ഡിസംബർ 2 വരെ ബി.സി.യുവിലും കഴിഞ്ഞ 8 മാസക്കാലമായി, കന്നഡ പറയാനും വായിക്കാനും എഴുതാനും പഠിച്ച അറുപതോളം പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
25 വയസ്സു മുതൽ 75 വയസ്സുവരെ പ്രായമുള്ള മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, മറാഠി, ബീഹാരി, ആസ്സാമീ, രാജസ്ഥാനി മുതലായ വിവിധ ഭാഷകളിലുള്ള പഠിതാക്കൾ അഭിമാനത്തോടെ കന്നഡയിൽ സംസാരിച്ചപ്പോൾ സദസ്സിൽ ഹർഷാരവം മുഴങ്ങി. ബാംഗ്ലൂരിലെ പ്രവാസികൾക്ക് വേണ്ടി കർണാടക ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതി തികച്ചും മാതൃകാപരമാണെന്ന് യോഗാദ്ധ്യക്ഷൻ, ബ്രിഗേഡ് യുട്ടോപ്യ ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ കേണൽ തിരുനാവുക്കരസ്സു പറഞ്ഞു. മലയാളി പ്രവാസികൾക്ക് വേണ്ടി കന്നഡ വികസന അതോറിറ്റിയുടേയും മലയാളം മിഷൻ്റേയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരിൻ്റെ വിവിധ ഭാഗങ്ങളിൽ കന്നഡ പഠന ക്ലാസുകൾ നടക്കുന്നുണ്ട്. ബ്രിഗേഡ് എസ്റ്റേറ്റ് മാനേജർ ഡോ. മാല്യാദ്രിയാണ് സമാപന സമ്മേളനം കോർഡിനേറ്റ് ചെയ്തത്.
പതിനേഴ് വർഷങ്ങളായി സൗജന്യമായി കന്നഡ പഠിപ്പിക്കുന്ന ഡോ. സുഷമ ശങ്കറിനെ ഡോ.പുരുഷോത്തമൻ ബിളിമല പൊന്നാട അണിയിച്ച് ആദരിച്ചു. ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ്റെ പ്രസിഡണ്ടും തൊദൽനുടി കന്നഡ മാസികയുടെ എഡിറ്ററുമായ സുഷമ കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയാണ്.
അടുത്ത ക്ളാസ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ, ഡിസംബർ 14ന് ആരംഭിക്കുമെന്ന് അവർ അറിയിച്ചു. താത്പര്യമുള്ളവർ 9901041889, 9742853241 നമ്പരുകളിൽ ബന്ധപ്പെടുക.

