ഇ പി ജയരാജന് എതിരെയുള്ള റിസോർട്ട് വിവാദം വീണ്ടും ഉയർത്തി പി. ജയരാജൻ. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് താൻ എഴുതി നൽകിയ പരാതിയിൽ എന്തു നടപടിയെടുത്തെന്ന് കഴി‍ഞ്ഞ സംസ്ഥാന സമിതി യോ​ഗത്തിൽ പി ജയരാജൻ ചോദിച്ചു. പാർട്ടി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആയിരുന്നു സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍റെ മറുപടി.

റിസോർട്ട് വിവാദം പി ജയരാജൻ ആദ്യം ഉന്നയിച്ചത് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്. ഇ പിയെ ഇടതു മുന്നണി കൺവീനർ‍ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ ഇക്കാര്യം വീണ്ടും ഉയർത്തി. തെറ്റു തിരുത്തൽ രേഖ ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സമിതിയിലാണ് ഇ പിക്കെതിരേ പി ജയരാജൻ ആഞ്ഞടിച്ചത്. മുതിർന്ന നേതാവിന് എതിരേയുള്ള ആരോപണം എഴുതി നൽകാൻ ​സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

​ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ പാർട്ടിയുമായി ഇ പി തെറ്റി നിന്ന അവസരം ഉപയോ​ഗിക്കുകയായിരുന്നു പി ജയരാജൻ. എം വി ​ഗോവിന്ദന്‍റെ നിർദേശ പ്രകാരമായിരുന്നു പി ജയരാജന്‍റെ നീക്കമെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് പി ജയരാജൻ പരാതി എഴുതി നൽകി. ഇപ്പോഴത്തെ ചോദ്യം അതിൽ എന്തു നടപടിയാണ് ഉണ്ടായെന്നാണ്.

Related Posts