സാമൂഹിക മാധ്യമത്തിൽ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തൽ പോലും വാർത്തയാണെന്നും പൊതു തത്വത്തെപ്പോലും പാർട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ജൽപനങ്ങൾക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും ഈ വിഷയത്തിൽ ഇനി പ്രതികരണമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഇട്ട പോസ്റ്റിൽ വരുത്തിയ തിരുത്ത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സച്ചിദാനന്ദൻ വീണ്ടും കുറിപ്പുമായി എത്തിയത്. -ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണമായി. ചിലത് തീരെച്ചെറുത്. എങ്ങോട്ടു പോകുന്നു എന്നു നോക്കാം. ഒരു കഥാ സമാഹാരം. ഒരു കവിതാ സമാഹാരം. ഒരു ലേഖന-പ്രഭാഷണ സമാഹാരം. ഇത്ര ഉണ്ടായേക്കും. കൊല ചെയ്യപ്പെട്ടില്ല എങ്കിൽ- എന്നായിരുന്നു ആദ്യ കുറിപ്പ്. 15 മിനുട്ടിനുശേഷം -അതിജീവിച്ചെങ്കിൽ- എന്നു തിരുത്തുകയായിരുന്നു.
തുടർ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്.
‘താൻ ഇടതിന്റെ വീഴ്ചകളെ വിമർശിക്കുന്നത് ഇടതുപക്ഷത്തു നിന്നാണ്. ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാം. താൻ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യൽ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു. പ്രതികരണങ്ങൾ കാണുമ്പോൾ ചില സുഹൃത്തുക്കൾക്കു വേദനിച്ചെന്നു കണ്ടു. പോസ്റ്റിൽ ഒരു വാക്കു തിരുത്തിയാൽ പോലും വാർത്തയാണ്.
സമൂഹം എഴുത്തുകാർക്കു നൽകുന്ന പ്രധാന്യമായി ഇതിനെയും വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാർട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപബുദ്ധി ജീവികൾ താൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു കുറിപ്പുകൾ ഇടുന്നതു കാണുന്നതേയില്ല.കുറേപ്പേർക്ക് ഉപജീവനമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇതും ഉദ്ധരിക്കാം. നാളേയ്ക്കുള്ള വഴിയായല്ലോ’ എന്നും സച്ചിദാനന്ദൻ കുറിച്ചു.