പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). മദ്യപാനവും പുകവലിയുമൊക്കെ ഭയങ്കര പ്രശ്നമാണെന്ന് അറിയാമെന്ന് പറഞ്ഞ വേടൻ നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് നോക്കട്ടെയെന്ന് വ്യക്തമാക്കി. വനം വകുപ്പ് അറസ്റ്റ് ചെയ്ത വേടന് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് കേസിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് വേടൻ പ്രതികരിച്ചു.
“കേസിനെക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. അത് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. എനിക്ക് വേണ്ടി പ്രാർഥിച്ച ഒരുപാട് ആൾക്കാരോട് നന്ദിയുണ്ട്. എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പിന്നെ എനിക്കൊരു കാര്യം പറയാനുള്ളത്. എൻ്റെ പുകവലിയും മദ്യപാനവുമൊക്കെ ഭയങ്കര പ്രശ്നമാണെന്ന് എനിക്ക് അറിയാം. ചേട്ടനോട് ദയവ് ചെയ്ത് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് നോക്കട്ടെ. പുലിപ്പല്ല് കേസിനെക്കുറിച്ച് ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല”- വേടൻ പറഞ്ഞു.