തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. കുറച്ചു ദിവസം മുൻപ് ആരംഭിച്ച ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന “ഹിറ്റ് 3”, ഹിറ്റ് ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രം കൂടിയാണ്.
ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്നാണ് ഇതിൻ്റെ ട്രെയ്ലർ നൽകുന്ന സൂചന. വയലൻ്റ് ആയതും, അതിശക്തവുമായ പോലീസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അർജുൻ സർക്കാർ. മലയാളം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.