പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിലാണ് ഇത്തവണ വിതരണം നടത്തുന്നത്.

ഇതിനായി 13,453 ബൂത്തുകൾ സജ്ജീകരിക്കും. 26,906 സന്നദ്ധപ്രവർത്തകരെയാണ് പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലായിരിക്കും ബൂത്തുകൾ പ്രവർത്തിക്കുക.

യാത്രയ്ക്കിടെ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 373 ട്രാൻസിറ്റ് ബൂത്തുകളും 149 മൊബൈൽ ബൂത്തുകളും ഏഴ് ഉത്സവ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. പതിവ് പ്രതിരോധ കുത്തിവയ്പ്പുകളും തുള്ളിമരുന്നുകളും സ്വീകരിച്ച കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകാവുന്നതാണ്.

ബൂത്തുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് നവംബർ 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.

Related Posts