ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിൽ വീടിൻ്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി. സൗന്ദകോട്ടി ഗ്രാമത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവെച്ച് പുലിയെ പിടികൂടി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുലി അടുക്കളയിൽ കയറിയ സമയത്ത് വീട്ടിൽ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുലി അകത്തുകയറിയ വിവരം ഇവർ അറിഞ്ഞിരുന്നില്ല. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ മകൾ അമ്മയ്ക്ക് ഭക്ഷണം നൽകാനായി അടുക്കളയിലേക്ക് പോകുന്നതിനിടെയാണ് പുലിയെ കണ്ടത്.
പുലിയെ കണ്ടതോടെ പരിഭ്രാന്തയായ മകൾ ഉടൻതന്നെ അടുക്കളയുടെ വാതിൽ പുറത്തുനിന്ന് അടച്ച് പൂട്ടുകയായിരുന്നു. ഇതോടെ അമ്മയ്ക്കും മകൾക്കും അപകടമൊന്നും കൂടാതെ രക്ഷപ്പെടാനായി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം അടുക്കളയ്ക്ക് പുറത്ത് കൂട് സ്ഥാപിച്ചശേഷം പുലിയെ മയക്കുവെടിവെച്ച് കീഴടക്കി. പിന്നീട് സുരക്ഷിതമായി പിടികൂടി മാറ്റി. പുലി എങ്ങനെയാണ് വീട്ടിനുള്ളിൽ കടന്നതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.