ശബരിമല തീർഥാടകർക്ക് വിമാനയാത്രയ്ക്കിടെ പുണ്യമായ ഇരുമുടിക്കെട്ട് ക്യാബിനിൽ കൈവശം കൊണ്ടുപോകാൻ അനുമതി തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് തീർഥാടകർക്ക് ഈ പ്രത്യേക അനുമതി നൽകുന്നത്.

ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും മന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചു. അയ്യപ്പഭക്തരുടെ വിശ്വാസവും ആചാരങ്ങളും മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകർക്ക് വിമാനയാത്രയും തുടർന്നുള്ള ശബരിമല ദർശനവും സുഗമമാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS), കേന്ദ്ര വ്യവസായ സുരക്ഷാ സേന (CISF), വിമാനത്താവള നടത്തിപ്പുകാർ തുടങ്ങിയവർക്കാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയിരിക്കുന്നത്. സുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ച് തീർഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ശബരിമല തീർഥാടനത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ് ഇരുമുടിക്കെട്ട്. നെയ്‌ത്തേങ്ങയും പൂജാസാധനങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ നിറച്ച ഇരുമുടിക്കെട്ടുമായാണ് ഭക്തർ അയ്യപ്പദർശനത്തിന് എത്തുന്നത്. വിമാനയാത്ര നടത്തുന്ന തീർഥാടകർക്ക് ഈ ആചാരം പാലിക്കാൻ സഹായിക്കുന്നതാണ് കേന്ദ്രത്തിൻ്റെ തീരുമാനം.

Related Posts