രാജ്യത്ത് 15 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന പാസ്‌പോർട്ടുകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിദേശകാര്യ മന്ത്രാലയം. 2026 സെപ്റ്റംബർ 15 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി ചീഫ് പാസ്‌പോർട്ട് ഓഫീസർ ബി.എസ്. മുബാറക് അറിയിച്ചു. സെപ്റ്റംബർ 17ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഭേദഗതി നിലവിൽ വന്നത്. 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് മാറ്റം വരുത്തിയത്.

പുതിയ ചട്ടപ്രകാരം 15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് അഞ്ച് വർഷമായിരിക്കും കാലാവധി. എന്നാൽ അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് കുട്ടിക്ക് 18 വയസ് തികയുകയാണെങ്കിൽ, 18-ാം വയസിൽ തന്നെ പാസ്‌പോർട്ടിൻ്റെ കാലാവധി അവസാനിക്കും.

ഉദാഹരണത്തിന്, 14-ാം വയസിൽ പാസ്‌പോർട്ട് ലഭിക്കുന്ന കുട്ടിക്ക് സാധാരണയായി അഞ്ച് വർഷത്തെ കാലാവധി ലഭിക്കും. എന്നാൽ കുട്ടിക്ക് 18 വയസ് തികയാൻ നാല് വർഷം മാത്രമുള്ളതിനാൽ 18 വയസ് പൂർത്തിയാകുന്നതോടെ പാസ്‌പോർട്ട് അസാധുവാകും. നേരത്തെ 15 വയസിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ടിന് അഞ്ച് വർഷം അല്ലെങ്കിൽ 15 വയസ് പൂർത്തിയാകുന്നത് വരെ മാത്രമായിരുന്നു കാലാവധി.

അതേസമയം, പാസ്‌പോർട്ട് അപേക്ഷാ ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ചട്ടം എട്ടിൽ വരുത്തിയ ഭേദഗതി പ്രകാരം വിവിധ വിഭാഗങ്ങളിലെ അപേക്ഷകൾക്ക് ഈടാക്കേണ്ട ഫീസ് ഷെഡ്യൂൾ നാലിൽ വ്യക്തമാക്കിയിട്ടുള്ള നിരക്കുകൾ പ്രകാരമായിരിക്കും.

മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പുതിയ പാസ്‌പോർട്ടിനും പുതുക്കുന്നതിനുമുള്ള ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. 60 പേജുള്ള പാസ്‌പോർട്ടിൻ്റെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായും വർധിപ്പിച്ചു. 36 പേജുള്ള താൽക്കാലിക പാസ്‌പോർട്ടിൻ്റെ ഫീസ് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും 60 പേജുള്ളതിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും ഉയർത്തിയിട്ടുണ്ട്.

Related Posts