കേരള സമാജം (R) ബാംഗ്ലൂർ, യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘തകർത്തോണം-2026’ നവംബർ 22-ന് യെലഹങ്ക ബെല്ലഹള്ളി മെയിൻ റോഡിലുള്ള വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും. കർണാടക ബാംഗ്ലൂർ നഗര വികസന മന്ത്രി കൃഷ്ണ ബൈറേഗൗഡ, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ, യെലഹങ്ക എം.എൽ.എ എസ്. ആർ. വിശ്വനാഥ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പ്രസിദ്ധ പിന്നണി ഗായകൻ അനൂപ് ശങ്കറും ബാൻഡും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ, പൊതുസമ്മേളനം, പരമ്പരാഗത ഓണസദ്യ, കോമഡി ഷോ, ഡാൻസ്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി റജി എം.ജി (ചെയർമാൻ), അനീഷ് കൃഷ്ണൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9844141542, 9886890688 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.