ബെംഗളൂരുവിൽ യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. കാമുകിയുടെ പിതാവിനെയും ബന്ധുക്കളെയും വെടിവെച്ചുകൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. സയീദ് അമീൻ, സുഹൃത്ത് അഫാൻ കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവരാണ് പ്രതികൾ.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വിനായക് നഗറിലെ റിസ്‌വാൻ മസ്ജിദ് റോഡിലുള്ള ‘യൂണിക് സെയിൽസ്’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ പ്രതികൾ കടയിലുണ്ടായിരുന്ന ആർ. അസ്‌മദ് പാഷയുടെ മകൻ ഇമാൻ ഉർ റഹ്‌മാൻ, അനന്തരവന്മാരായ മുഹമ്മദ് സെയ്ദ്, ഹഫീസുള്ള എന്നിവരെ ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി.
ആക്രമണം തടയാൻ കടയുടമയായ അസ്‌മദ് പാഷ ശ്രമിച്ചതോടെ അഫാൻ സ്കൂട്ടറിൻ്റെ ബോക്സിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ പാഷ ധൈര്യപൂർവം തോക്കിൽ പിടിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ തോക്കിൽനിന്ന് ഒരു വെടിയുണ്ട നിലത്തുവീണു. തുടർന്ന് പ്രതികൾ പാഷയിൽനിന്ന് തോക്ക് ബലമായി പിടിച്ചുവാങ്ങി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
പാഷയുടെ രണ്ടാമത്തെ മകൾ ഉമാ ഐമനുമായി സയീദ് അമീനുണ്ടായിരുന്ന പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ വിഷയത്തിൽ അമീനും പാഷയും തമ്മിൽ സംസാരിച്ചിരുന്നു. തുടർന്ന് അമീൻ മാപ്പ് പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പുട്ടെനഹള്ളി പൊലീസ് സയീദ് അമീൻ, അഫാൻ എന്നിവർക്കും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.