കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മല്ലേശ്വരത്തെ വീട്ടിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. 2014-ൽ കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ട‌റായും പ്രവർത്തിച്ചിട്ടുണ്ട്.

കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം നേടിയശേഷം കുറച്ചുകാലം അധ്യാപികയായി ജോലിചെയ്‌തു. ആശാ രഘുവിൻ്റെ ഭർത്താവ് കെ.സി.രഘു രണ്ടുവർഷം മുൻപ് മരിച്ചിരുന്നു. ഇതിനുശേഷം ആശ കടുത്ത മാനസികസംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആശയ്ക്ക് ഒരു മകളുണ്ട്.

ആവർത്ത, ചിത്തരംഗ, ഗത, മായ, കെംപു ദാസവാള, വക്ഷസ്ഥല തുടങ്ങിയവ ആശയുടെ നോവലുകളാണ്. ആരനേ ബെരളു, ബൊഗസയല്ലി കഥകളു, അപരൂപത പുരാണ കഥകളു തുടങ്ങിയ കഥാസമാഹാരങ്ങളും കുട്ടികളുടെ നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Posts