നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണഓട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ അവസാനത്തോടെ പരീക്ഷണഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ തുടർച്ചയായി പാതയിൽ തീവണ്ടി സർവീസിന് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. പാത കമ്മിഷൻ ചെയ്യുന്നതിന് മുൻപുള്ള സുപ്രധാന പ്രവർത്തനമാണ് ഈ മെയിൻ ലൈൻ ടെസ്റ്റ് എന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രാക്ഷൻ, ബ്രേക്ക് ടൈപ്പ് ടെസ്റ്റുകൾ, വിവിധ വേഗതയിലുളള ഓസിലേഷൻ ട്രയലുകൾ, സിഗ്നലകളുമായുള്ള ഇൻ്റഗ്രേഷൻ ടെസ്റ്റുകൾ, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റുകൾ എന്നിവ ഇതിൻ്റെ ഭാഗമാണെന്നും പറഞ്ഞു. നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട ഇടനാഴിയാണ് പിങ്ക് ലൈൻ. ‘ബെമൽ’ നിർമ്മിച്ചു നൽകിയ ആറു കോച്ചുള്ള ഈ തീവണ്ടിയാണ് പരീക്ഷണ ഓട്ടത്തിന് ഇറക്കുന്നത്. കാലേന അഗ്രഹാര മുതൽ തവരെകെരെ വരെയുള്ള ഏഴര കിലോമീറ്റർ പാതയാണ് നിർമ്മാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടത്തിലേക്ക് കടക്കുന്നത്. എംജി റോഡ്, ശിവാജിനഗർ, ബെംഗളൂരു കൻ്റോൺമെന്റ് തുടങ്ങി നഗരത്തിൻ്റെ ഹൃദയഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ഒരു തീവണ്ടിയാണ് പാതയിൽ സർവീസ് നടത്താനുള്ള ഇതുവരെ എത്തിയിരിക്കുന്നത്.
പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകൾക്ക് ശേഷം യാഥാർഥ്യമാകുന്ന നമ്മ മെട്രോയുടെ നാലാമത്തെ പാതയാണിത്. കാലേന അഗ്രഹാരമുതൽ നാഗവാരവരെ 21.3 കിലോമീറ്ററാണ് ഇതിൻ്റെ മൊത്തം ദൈർഘ്യം. ഇതിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ ആകാശപാതയുമാണ്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിതെന്ന പ്രത്യേകതയുമുണ്ട്.