കർണാടകയിലെ ബെലഗാവിയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ സന്ദീപ് കലഗൗഡ മഞ്ചർഗിയുടെ മരണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക്. ചെറിയ ബൈക്ക് അപകടത്തിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ച സന്ദീപിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.

രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാനായിരുന്നു കൊലപാതകമെന്ന് അന്വേഷണ സംഘം പറയുന്നു. സംഭവത്തിൽ ഡോക്ടർമാർ, ലാബ് ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. മാർച്ചിൽ നടന്ന ചെറിയ അപകടത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന് ചികിത്സയ്ക്കിടെ വിഷവും ഉറക്കഗുളികകളും നൽകിയെന്നാണ് കണ്ടെത്തൽ. പിന്നീട് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമെന്ന രീതിയിൽ സംഭവം അവതരിപ്പിക്കാനും ശ്രമം നടന്നു.

എന്നാൽ മരണത്തിലെ ദുരൂഹതയും അന്വേഷണത്തിനിടെ ലഭിച്ച നിർണായക വിവരങ്ങളും ഗൂഢാലോചന പുറത്തുകൊണ്ടുവന്നു. സന്ദീപിൻ്റെ പേരിൽ ഏകദേശം രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നതായും, തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നുമാണ് പൊലീസിൻ്റെ നിഗമനം.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ആശുപത്രി ജീവനക്കാർ കൊലപാതക പദ്ധതിയിൽ പങ്കാളികളായതായി പോലീസ് പറഞ്ഞു. ചികിത്സയ്ക്കിടെ സുമയും കാമുകനും ചേർന്ന് മരുന്നിലൂടെ വിഷം നൽകുകയും ഉറക്കഗുളികകൾ നൽകുകയും ചെയ്തതായി പറയപ്പെടുന്നു. മൂന്ന് ലക്ഷത്തോളം രൂപ ഡോക്‌ടർമാർക്കും ലാബ് ജീവനക്കാർക്കും കൈമാറിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളുടെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Posts