കോടതി ശിക്ഷിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ചെക്ക് കേസ് പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ചെക്ക് കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നടപടി വൈകിപ്പിക്കാൻ സ്പീക്കർ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു.

സെപ്റ്റംബർ ഒന്നു മുതൽ മാണി സി കാപ്പൻ എംഎൽഎ സ്ഥാനത്ത് അയോഗ്യനാണെന്ന് പ്രഖ്യാപിക്കണമെന്നും പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പാലാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ എംഎൽഎ എന്ന നിലയിൽ കാപ്പന് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും തടയണമെന്നും ദിനേശ് മേനോൻ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് കേസുകളിൽ മുംബൈ ബോറിവില്ലി കോടതി മാണി സി കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. നാല് കേസുകളിലായി ആകെ മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും കോടതി പ്രത്യേകം വിധിച്ചിരുന്നു.

Related Posts