ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരാതന തമിഴ് ക്ലാസിക് കൃതിയായ ‘തിരുക്കുറലിൻ്റെ ’ റഷ്യൻ പരിഭാഷ സമ്മാനിച്ചു.
2026ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് പ്രസിദ്ധീകരിച്ച പതിപ്പാണ് മോദി പുടിന് കൈമാറിയത്. മൂല തമിഴ് വരികൾ, അവയുടെ ലിപ്യന്തരണം, നൈര മ്ക്ർത്ച്യൻ തയ്യാറാക്കിയ റഷ്യൻ പരിഭാഷ എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ തത്ത്വചിന്തയോടും സാഹിത്യത്തോടുമുള്ള റഷ്യയുടെ ദീർഘകാല താൽപ്പര്യത്തിൻ്റെ പശ്ചാത്തലത്തിലാണ് തിരുക്കുറലിൻ്റെ റഷ്യൻ പതിപ്പ് പുടിന് സമ്മാനിച്ചത്. പതിനേഴാം നൂറ്റാണ്ട് മുതൽ തന്നെ ഇന്ത്യൻ തത്ത്വചിന്ത റഷ്യൻ എഴുത്തുകാരുടെയും ചിന്തകരുടെയും ശ്രദ്ധ നേടിയിരുന്നുവെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്.
റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കും തിരുക്കുറലുമായി ബന്ധമുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 19-ാം നൂറ്റാണ്ടിൽ ലഭ്യമായിരുന്ന വിവർത്തനത്തിലൂടെയാണ് ടോൾസ്റ്റോയ് തിരുക്കുറലിനെ പരിചയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ധാർമികത, കരുണ, അഹിംസ തുടങ്ങിയ ആശയങ്ങൾക്ക് ഗ്രന്ഥം നൽകുന്ന പ്രാധാന്യം അദ്ദേഹത്തിൻ്റെ ചിന്തകളെ സ്വാധീനിച്ചിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്.
ടോൾസ്റ്റോയ് മഹാത്മാഗാന്ധിക്ക് തിരുക്കുറൽ പരിചയപ്പെടുത്തിയെന്നും ഗ്രന്ഥത്തിലെ ആശയങ്ങൾ ഗാന്ധിയുടെ അഹിംസാ ചിന്തകളെ സ്വാധീനിച്ചെന്നും ചില ചരിത്രവാദങ്ങളുണ്ടെങ്കിലും, ഇതിൻ്റെ സ്വാധീനത്തിൻ്റെ വ്യാപ്തി ചരിത്രകാരന്മാർക്കിടയിൽ അന്തിമമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.