വിവാഹബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ കല്ല്യാണ ബ്രോക്കർ വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിലാണ് സംഭവം. പി.വി.ഏബ്രഹാമിനാണ് വെട്ടേറ്റത്. സംഭവത്തിൽ പറമ്പയിൽ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചു നാളുകൾക്ക് മുമ്പാണ് ഏബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും ഏബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ല.
ഇതിൽ പ്രകോപിതനായ ബ്രോക്കർ യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ ഇടതുകൈയുടെ ചെറുവിരലും വലതുകൈയുടെ പെരുവിരലും അറ്റുപോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏബ്രഹാം ഐസിയുവിലാണ്.