നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കൈക്കുഞ്ഞടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമങ്ങാട്–വിതുര റോഡിൽ മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് സമീപമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ അപകടമുണ്ടായത്. അപകടത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിലൂടെ എത്തിയ കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി ഒരു അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചുനിൽക്കുകയായിരുന്നു. ഇവർക്ക് തൊട്ടരികിലൂടെ അതിവേഗത്തിൽ എത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറിയതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു.
കാർ പാഞ്ഞെത്തുന്നത് കണ്ട് മാറാൻ പോലും സമയം ലഭിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ അവസാന നിമിഷം തലനാരിഴയ്ക്കാണ് ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കൈക്കുഞ്ഞിനും അമ്മയ്ക്കും മറ്റ് മൂന്നുപേർക്കും പരിക്കേൽക്കാതെ രക്ഷപ്പെടാനായത് വലിയ ആശ്വാസമായി.
അപകടത്തിൻ്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുന്നതും കടയ്ക്ക് സമീപം നിന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിൽ കടയ്ക്ക് നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. കാർ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്.