ശത്രുരാജ്യങ്ങളിൽനിന്ന് എത്തുന്ന ഡ്രോണുകളെ വെടിവെച്ചുവീഴ്ത്താതെ വല ഉപയോഗിച്ച് പിടികൂടാനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച് ബെംഗളൂരുവിലെ യുവ എയ്റോസ്പേസ് എൻജിനീയർമാർ. സൗഭ എയറിയൽ സിസ്റ്റംസ് (Saubha Aerial Systems) എന്ന സ്റ്റാർട്ടപ്പാണ് പ്രതിരോധ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന ഈ നൂതന സംവിധാനം വികസിപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽ ശത്രു ഡ്രോണുകളെ തടയാനും അവ കേടുപാടുകൾ കുറച്ച് വീണ്ടെടുക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് സുരക്ഷാ ഏജൻസികളിൽ നിന്ന് ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

നൈജിത് റായ്, ഋതുരാജ് യെല്ലൂർക്കർ, ക്ഷീരജ് കൃഷ്ണ എന്നിവരാണ് സൗഭ എയറിയൽ സിസ്റ്റംസിൻ്റെ സ്ഥാപകർ. ബെംഗളൂരുവിലെ ആർ.വി. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ പഠിച്ച പരിചയമാണ് ഇവരെ ഒരുമിപ്പിച്ചത്. ഡ്രോൺ സാങ്കേതികവിദ്യയോടുള്ള താൽപര്യത്തിൽനിന്നാണ് സംരംഭത്തിൻ്റെ തുടക്കം.

2025 ജനുവരിയിലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഡ്രോണുകൾക്ക് അടിയന്തരമായി പാരച്യൂട്ട് തുറന്ന് സുരക്ഷിതമായി നിലത്തിറക്കാനുള്ള സംവിധാനങ്ങളാണ് ഇവർ വികസിപ്പിച്ചത്. പിന്നീട് പ്രതിരോധ ആവശ്യങ്ങൾക്കായി ശത്രു ഡ്രോണുകളെ വല ഉപയോഗിച്ച് പിടികൂടുന്ന സാങ്കേതികവിദ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.

പ്രത്യേക ലോഞ്ചർ ഉപയോഗിച്ച് വല വിക്ഷേപിക്കുന്നതാണ് സംവിധാനത്തിൻ്റെ പ്രധാന സവിശേഷത. വലയുടെ നാല് മൂലകളിലും ഭാരം ഘടിപ്പിച്ചിരിക്കും. വിക്ഷേപിക്കുമ്പോൾ വല വിരിഞ്ഞ് ലക്ഷ്യമിടുന്ന ഡ്രോണിൽ കുടുങ്ങുകയും അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി താഴെയിറക്കുകയും ചെയ്യും.

പരമ്പരാഗതമായി മിസൈലുകൾ ഉപയോഗിച്ച് ശത്രു ഡ്രോണുകളെ തകർക്കുന്നതിന് വലിയ ചെലവ് വരും. എന്നാൽ വല ഉപയോഗിച്ചുള്ള ഈ സംവിധാനത്തിലൂടെ ഡ്രോണിനെ പൂർണമായും നശിപ്പിക്കാതെ പിടികൂടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിലൂടെ പിടിച്ചെടുത്ത ഡ്രോൺ പിന്നീട് പരിശോധിച്ച് അതിൻ്റെ സാങ്കേതികവിദ്യയും പ്രവർത്തനരീതിയും മനസ്സിലാക്കാനും കഴിയും.

നിലവിൽ കൈയിൽ കൊണ്ടുനടക്കാവുന്ന ലോഞ്ചറിൻ്റെ പ്രവർത്തനദൂരം ഏകദേശം 20 മീറ്ററാണ്. ഇത് 40 മീറ്ററായി ഉയർത്താനാണ് എൻജിനീയർമാരുടെ ശ്രമം. വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന സംവിധാനത്തിന് 100 മീറ്റർ വരെ ദൂരപരിധിയാണ് ലക്ഷ്യമിടുന്നത്.

ദൂരത്തേക്ക് വല വിക്ഷേപിക്കുമ്പോൾ വായുവിന്റെ പ്രതിരോധം വലിയ വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഡ്രോണിന് സമീപമെത്തുമ്പോൾ വല തുറക്കുന്ന പ്രത്യേക ക്യാപ്സ്യൂൾ സംവിധാനവും രൂപകൽപ്പന ഘട്ടത്തിലാണ്.

കമ്പനി വികസിപ്പിച്ച വല ലോഞ്ചറിന്റെ പ്രോട്ടോടൈപ്പ് രാജ്യത്തെ ആറ് വ്യത്യസ്ത സുരക്ഷാ യൂണിറ്റുകൾ പരീക്ഷിച്ചതായാണ് സ്ഥാപകർ അറിയിച്ചിരിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലുൾപ്പെടെ സംവിധാനത്തിൻ്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധ മേഖലയിൽ ചെലവ് കുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾക്കുള്ള താൽപര്യം വർധിച്ചതായും സ്ഥാപകർ പറയുന്നു. രണ്ട് നഗരങ്ങളിലെ പൊലീസ് സേനകളും വല ഉപയോഗിച്ച് ഡ്രോണുകളെ തടയുന്ന സ്വയംപ്രവർത്തന സംവിധാനത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ശത്രു ഡ്രോണുകളെ തടയുന്നതിനൊപ്പം സാധാരണ ഡ്രോണുകൾ അപകടത്തിൽപ്പെടുമ്പോൾ സുരക്ഷിതമായി നിലത്തിറക്കാനുള്ള സംവിധാനങ്ങളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

ഡ്രോണിൻ്റെ മോട്ടോർ തകരാറിലാകുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ പാരച്യൂട്ട് സ്വയം പ്രവർത്തിച്ച് ഡ്രോണിൻ്റെ വീഴ്ചയുടെ വേഗം കുറയ്ക്കും. ഇതുവഴി വിലകൂടിയ ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം താഴെയുള്ള ആളുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കാനും കഴിയും.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പാരച്യൂട്ട് സംവിധാനങ്ങൾ വിറ്റഴിച്ചതായും കമ്പനിയുടെ സ്ഥാപകർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ വിൽപ്പനയിലൂടെ ഇതുവരെ ഏകദേശം 20 ലക്ഷം രൂപ വരുമാനം നേടിയതായും റിപ്പോർട്ടുണ്ട്.

പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ ഈ യുവസംരംഭത്തിൻ്റെ മുന്നേറ്റം ശ്രദ്ധേയമാകുകയാണ്.

Related Posts