നഗരത്തിലെ പൊലീസ് സംവിധാനത്തിൽ അഴിമതിക്കെതിരെ കടുത്ത നിലപാടുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പൊലീസ് വകുപ്പിൽ ഒരു തരത്തിലുള്ള അഴിമതിയും അനുവദിക്കില്ലെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസ് സ്റ്റേഷനുകൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെയും ഭൂമിതർക്കങ്ങളുടെയും കേന്ദ്രങ്ങളായി മാറരുതെന്നും അദ്ദേഹം നിർദേശിച്ചു.
നവംബർ 20 വെള്ളിയാഴ്ച വിധാനസൗധയിലെ നവീകരിച്ച സംഗമ ഓഡിറ്റോറിയത്തിൽ ബെംഗളൂരുവിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്. നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവിൽ പൊലീസ് കമ്മീഷണർ ഓഫീസ് ആരംഭിച്ച സമയത്ത് നഗരത്തിലെ ജനസംഖ്യ ഏകദേശം 20 ലക്ഷമായിരുന്നു. ഇന്ന് അത് ഒന്നരക്കോടിയിലേക്ക് എത്തിയിരിക്കുകയാണ്. നഗരത്തിൻ്റെ വ്യാപ്തിയും ജനസംഖ്യയും വർധിച്ചതിനാൽ പൊലീസ് സംവിധാനത്തിലും മാറ്റങ്ങൾ അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിൻ്റെ ഭാഗമായി ബെംഗളൂരു പൊലീസിനെ അഞ്ച് പ്രത്യേക കമ്മീഷണറേറ്റുകളായി വിഭജിക്കുകയും ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിൽ അഞ്ച് പൊലീസ് കമ്മീഷണർമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പൊലീസ് സ്റ്റേഷനുകളും നൂറുകണക്കിന് അധിക തസ്തികകളും സൃഷ്ടിച്ച് സേനയെ ശക്തിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.