ബാംഗ്ലൂർ ഹെന്നനഗരയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ വസ്ത്രത്തിൽ ചോരപുരണ്ട നിലയിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു സംഭവം എന്താണെന്നറിയാൻ ഇയാളോട് സ്ക്കൂട്ടർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ് ഫൂട്ട്ബോർഡിൽ ഒരു മനുഷ്യൻ്റെ തല എടുത്തുവച്ചിരിക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. ചോദ്യം ചെയ്തപ്പോൾ തല തൻ്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാൾ സമ്മതിച്ചു. ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശങ്കറും മാനസയും 5 വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരാകുന്നത്. ഒരു മാസം മുമ്പ് ഹീലാലിഗെയിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇവർക്ക് 3 വയസ്സുള്ള ഒരു കുട്ടിയുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. മാനസ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് സംശയം തോന്നിയ ശങ്കർ ഇവരെ അയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മാനസ ഒരു ഹോസ്റ്റലിലേക്ക് താമസം മാറുകയും ചെയ്തു.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും കുട്ടിയുടെ ഭാവി ആലോചിക്കണമെന്നും പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മാനസ ശങ്കർ താമസിക്കുന്ന വാടകവീട്ടിലേക്ക് മടങ്ങിയെത്തിയത്. അതിനിടെ ഇവർ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ശനിയാഴ്ച ഉച്ചയോടെ ഒരു കോടാലി ഉപയോഗിച്ച് മാനസയെ വെട്ടിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം അറുത്തെടുത്ത തലയുമായി ഇയാൾ ബൈക്കിൽ പോകുമ്പോഴാണ് പോലീസിൻ്റെ പിടിയിലായത്.