ബാംഗ്ളൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ കെആർ മാർക്കറ്റിൽ ഇലക്ട്രിക് ചാർജിങ്ങും ഡിജിറ്റൽ പേയ്മെന്റും ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിങ് കേന്ദ്രം ഈ മാസം അവസാനം പ്രവർത്തനം ആരംഭിക്കും.
400 ബൈക്കുകൾക്കും 200 കാറുകൾക്കും ഇവിടെ പാർക്ക് ചെയ്യാം. ഒരേസമയം 10 ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സൗകര്യവുമുണ്ട്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 67 ക്യാമറകൾ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ മാർക്കറ്റിലേക്കുള്ള തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പൂർണമായി നിരോധിക്കും. വെള്ളക്കെട്ടും മാലിന്യവും പതിവായിരുന്ന പാർക്കിങ് കേന്ദ്രം സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ചതിനു ശേഷമാണ് സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്. 10 വർഷത്തെ നടത്തിപ്പ് കരാർ നൽകിയിരിക്കുന്നത് 6.5 കോടി രൂപയ്ക്കാണ്.