ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. റോഹൻ പരശുറാം കനവഡെ സംവിധാനംചെയ്ത മറാഠി സിനിമയായ ‘സബർ ബോണ്ട’യ്ക്കാണ് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള പുരസ്കാരം. സന്തോഷ് ദിവാകർ സംവിധാനം ചെയ്ത മറാഠി സിനിമയായ ‘ഗൊന്ധലി’ന് ഇന്ത്യൻ സിനിമയ്ക്കുള്ള ഫ്രിപ്രസി പുരസ്കാരവും ലഭിച്ചു. ജാപ്പനീസ് സിനിമ ‘ലോസ്റ്റ് ലാൻഡ്’ ഏഷ്യൻ സിനിമാ വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. (സംവിധാനം: അകിയോ ഫുജിമോട്ടോ). നേപ്പാളി ചിത്രമായ ‘ഷെയ്പ്പ് ഓഫ് മൊമോ’ രണ്ടാമത്തെ ചിത്രവും (സംവിധാനം: ട്രിബേണി റായ്) ജാപ്പനീസ് ചിത്രമായ ‘ദ ഡീപ്പസ്റ്റ് സ്പെയ്സ് ഇൻ യു.എസ്. മൂന്നാമത്തെ ചിത്രവുമായി (സംവിധാനം: യശുതോമോ ചിക്കുമ). ഫിലിപ്പീൻസ് ചിത്രമായ ‘റിപ്പബ്ലിക് ഓഫ് പിപോലിപിനാസ്’ സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി (സംവിധാനം: റെനി ഡിൽമ).
ബഡിഗർ ദേവേന്ദ്രയുടെ ‘വന്യ’ കന്നഡവിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. അനിൽകുമാർ സംവിധാനം ചെയ്ത ‘നാം സാലി’ രണ്ടാമത്തെ ചിത്രവും രംഗ സംവിധാനംചെയ്ത ‘രാവണ രാജ്യദല്ലി നവദമ്പതിഗളു’ മൂന്നാമത്തെ സിനിമയുമായി. അജയ് ഗുരുനപ്പയുടെ ‘മൃഗതൃഷ്ണ’യ്ക്കും തൃപ്തി കുൽക്കർണി, മേഘ്ന ജഗന്നാഥ്, ചിത്ര പരമേശ്വരൻ, പൂജിത പ്രസാദ് എന്നിവർ ചേർന്ന് സംവിധാനംചെയ്ത ‘ഫോർ ബൈ ഫോറി’നും ജൂറിയുടെ പ്രത്യേകപരാമർശവും നേടി. സംഗീതസംവിധായകനും ഗാനരചയിതാവുമായ ഹംസലേഖയ്ക്ക് മേളയുടെ ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചു.
ഇന്ത്യൻ സിനിമാവിഭാഗത്തിൽ മലയാളത്തിൽനിന്നുള്ള മൂന്നുസിനിമകൾക്ക് പുരസ്കാരം ലഭിച്ചു. ഫാസിൽ റസാഖ് സംവിധാനംചെയ്ത ‘മോഹം’ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ സുനീഷ് വടക്കുംപാടൻ്റെ ‘കാട്’ മികച്ച മൂന്നാമത്തെ ചിത്രമായി. താമർമോൻ കരുവന്തവളപ്പിലിൻ്റെ ‘സർക്കീട്ട്’ ജൂറിയുടെ പ്രത്യേക പരാമർശവും നേടി. ഇത്തവണ ഏഴുചിത്രങ്ങളാണ് മലയാളത്തിൽനിന്ന് മത്സരത്തിനെത്തിയത്.