കർണാടകയിലെ കൊപ്പാളിൽ കുടുംബത്തെ നടുക്കിയ ദാരുണ സംഭവം. പ്രീ-യൂണിവേഴ്സിറ്റി കോഴ്സിൽ ബയോളജിക്ക് പകരം കംപ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാൻ നിർബന്ധിതനായതിലുള്ള അസ്വസ്ഥതയെ തുടർന്ന് ഒന്നാം വർഷ വിദ്യാർഥി അച്ഛനെയും മൂത്ത സഹോദരിയെയും കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്.
കഴുത്തിൽ ആഴത്തിലുള്ള കുത്തേറ്റതാണ് അച്ഛൻ്റെയും സഹോദരിയുടെയും മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അമ്മയ്ക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബെല്ലാരിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വിദ്യാർഥി, തനിക്ക് ബയോളജി പഠിക്കാനായിരുന്നു താൽപര്യമെന്നും എന്നാൽ കുടുംബം കംപ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാൻ നിർബന്ധിച്ചുവെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്. കംപ്യൂട്ടർ സയൻസിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്നും വിഷയത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വീട്ടുകാർ സമ്മർദം ചെലുത്തിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച മാർക്ക് നേടിയ തനിക്ക് ബയോളജി പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെന്നും അതിന് കുടുംബത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും വിദ്യാർഥി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. സംഭവത്തിൻ്റെ കൂടുതൽ പശ്ചാത്തലവും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.