ചിക്കമംഗളൂരു ജില്ലയിലെ എൻ.ആർ. പുര താലൂക്കിലെ ബൈരപുര സർക്കാർ ഹയർ പ്രൈമറി സ്കൂൾ പരിസരത്ത് പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് നൂറിലേറെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടികൾ പുലിയെ കണ്ടത്. ഭയന്നോടിയ കുട്ടികളുടെ വിവരത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക വ്യാപകമായി.
ഭദ്ര ടൈഗർ റിസർവിനോട് ചേർന്നുള്ള മേഖലയായതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെങ്കിലും, സ്കൂൾ പരിസരത്ത് പുള്ളിപ്പുലിയെ കണ്ട സംഭവം രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിച്ചു. നിരവധി കുട്ടികൾ ദിവസവും മൂന്ന് കിലോമീറ്ററിലധികം ദൂരം നടന്ന് സ്കൂളിലെത്തുന്നതിനാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വനംവകുപ്പ് വ്യാപക തിരച്ചിൽ നടത്തിയിട്ടും പുള്ളിപ്പുലിയെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. ഇതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കൾ തയ്യാറാകുന്നില്ല. വെള്ളിയാഴ്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എ. ഷബാന ഗ്രാമം സന്ദർശിച്ച് രക്ഷിതാക്കളുമായി ചർച്ച നടത്തിയെങ്കിലും, പുള്ളിപ്പുലിയെ പിടികൂടാതെ കുട്ടികളെ പുറത്തിറക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.