മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ ശ്രീ കാവേരി ബോറെദേവര ക്ഷേത്രത്തിന് സമീപത്തെ രാമസ്വാമി കനാലിൽ ഒഴുക്കിൽപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. വിദ്യാർഥിനികളായ ഒൻപതാം ക്ലാസിലെ ഹാനി (14), ഏഴാം ക്ലാസ് വിദ്യാർഥികളായ അഫ്രീൻ (13), ജാനിയ പർവീൻ (13), ആയിഷ (13) എന്നിവരാണ് മരിച്ചത്. മൈസൂരിലെ ഉദയഗിരിയിലുള്ള ഹാജിറ റിസ്വാൻ അറബിക് സ്കൂ‌ളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ആറ് വിദ്യാർഥികൾ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരു പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. ഹാനിയുടെയും അഫ്രീൻ്റെയും ജാനിയ പർവിൻ്റെയും മൃതദേഹങ്ങൾ കനാലിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. ഒഴുക്കിൽപ്പെട്ട ആയിഷ (13), മുഹമ്മദ് ഗൗസ് (13), ആൽബിയ (22) എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഉടൻ മൈസൂരു കെആർ ആശുപത്രിയിൽ എത്തിച്ചു. വൈദ്യസഹായം നൽകിയെങ്കിലും ആയിഷ മരണപ്പെടുകയായിരുന്നു.

വിനോദ യാത്രയ്ക്കിടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നാല് ജീവനക്കാർ 15 വിദ്യാർഥികളുടെ ഒരു സംഘത്തെ കനാലിലേക്ക് കൊണ്ടുവരുകയായിരുന്നു. കനാലിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ഒരു കുട്ടി വഴുതി വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ആറ് വിദ്യാർഥികൾ വെള്ളത്തിലേക്ക് ഇറങ്ങി. ശക്തമായ ഒഴുക്കിൽ ഇവരും അകപ്പെടുകയായിരുന്നു.

കാണാതായ ഉടൻതന്നെ ഫയർ ഉദ്യോഗസ്ഥരും വിദഗ്‌ധ നീന്തൽ വിദഗ്‌ധരും തീവ്രമായ തിരച്ചിൽ ആരംഭിച്ചു. മോശം കാലാവസ്ഥ കാരണം രാത്രി വൈകി തിരച്ചിൽ നിർത്തി. ഞായറാഴ്‌ച പുലർച്ചെ തിരച്ചിൽ വീണ്ടും ആരംഭിച്ചു. സംഭവത്തിൽ അരക്കെരെ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

Related Posts