വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയുമായി കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന് വേടൻ്റെ സഹോദരൻ ഹരിദാസ് ആണ് പരാതി നൽകിയത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം.
വേടന്റെ വാക്കുകളെ നിശബ്ദമാക്കാനും വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാനസികമായി കുടുംബം അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തനിക്കെതിരെ രാഷ്ട്രീയ ഗുഢാലോചന നടക്കുന്നുണ്ടെന്ന് വേടനും മുൻകൂർ ജാമ്യ ഹർജിയിലും ആരോപിച്ചിരുന്നു. റാപ്പർ വേടനെ ബലാത്സംഗക്കേസിൽ തൃക്കാക്കര പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.