യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം
വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർത്താവിൻ്റെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആത്മഹത്യയെന്നും മാനസികമായും ശാരീരികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന(20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.