തൊടുപുഴ ബിജുവിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍. ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന (45) യാണ് അറസ്റ്റിലായിരിക്കുന്നത്.

വീട്ടില്‍ എത്തിച്ച് ഇവരെ തെളിവെടുപ്പ് നടത്തി. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ ബിജുവിൻ്റെ മൃതദേഹവുമായി ജോമോൻ്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബിജുവിൻ്റെ ചെരിപ്പ്, തുണി, ഷൂ ലെയ്‌സ് എന്നിവ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തി. ജോമോൻ്റെ ബന്ധുവായ ഭരണങ്ങാനം സ്വദേശി എബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജോമോന്‍ കൊലപാതകശേഷം ആദ്യം വിവരം പറഞ്ഞത് എബിനോടായിരുന്നു. കലയന്താനിയിലെ ഗോഡൗണില്‍ ബിജുവിൻ്റെ മൃതദേഹം മറവ് ചെയ്ത ശേഷം ‘ദൃശ്യം 4’ നടത്തിയെന്നാണ് ജോമോന്‍ ഫോണ്‍ വിളിച്ചു എബിനോട് പറഞ്ഞത്.

Related Posts