മധ്യപ്രദേശിൽ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ആദ്യ നടപടി . പന്ന ജില്ലയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ നടത്തിപ്പുകാർ തന്നെ സ്വയം പൊളിച്ചു നീക്കി. പ്രദേശവാസിയായ മുസ്ലീം വിഭാഗക്കാരൻ ബിജെപി നേതാവ് മുഖേന അധികൃതർക്ക് നൽകിയ പരാതിയിൽ മദ്രസ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. പുതിയ നിയമം പാസാക്കിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നടപടിയെടുക്കുന്നതിന് മുൻപേ നടത്തിപ്പുകാർ തന്നെ മദ്രസ പൊളിച്ചു നീക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 30 വർഷമായി പന്ന ജില്ലയിലെ ബി ഡി കോളനിയിൽ മദ്രസ അനധികൃതമായി പ്രവർത്തിച്ചുവരികയായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. നോട്ടീസുകൾ ഒന്നിലധികം തവണ നൽകിയെങ്കിലും നടത്തിപ്പുകാർ മറുപടി നൽകിയില്ല. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മദ്രസ നടത്തിപ്പുകാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടത്തിപ്പുകാർ ബുൾഡോസർ ഉപയോഗിച്ച് മദ്രസ പൊളിച്ചു നീക്കിയത്.