പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടു. ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചത്. പരോള്‍ നൽകിയത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോളിന് അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്നാണ് ജയില്‍ അധികൃതരുടെ വാദം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ഇവര്‍ അഞ്ച് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. ഇത് മൂന്നാം തവണയാണ് പീതാംബരന് പരോള്‍ ലഭിക്കുന്നത്.

Related Posts