ഗുരുവായൂരിൽ ഓൺലൈൻ ക്യൂ സംവിധാനം വരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായ ദർശനം ഉറപ്പാക്കുന്നതിനായാണ് ഓൺലൈൻ ക്യൂ സംവിധാനം (വെർച്വൽ ക്യൂ) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ഒരുങ്ങുന്നത്.
ഹൈക്കോടതിയുടെ നിർദേശവും പരിഗണിച്ചാണ് പുതിയ സംവിധാനത്തിലേക്ക് കടക്കുന്നതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും അറിയിച്ചു. പദ്ധതി എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതും പ്രതിദിന പ്രവേശന പരിധിയും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്കുള്ള സേവനങ്ങൾ ആധുനികവത്കരിക്കുന്നതിനുമായി ഫെയ്‌സ് ആപ്പ് സംവിധാനത്തിന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്സ് മാസ്റ്റർ പ്ലാനിനായുള്ള ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്.