വയനാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിംഗിനും സാഹസിക ടൂറിസം പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. മഴയെ തുടർന്ന് ദുരന്തസാധ്യത വർധിച്ചതിനാൽ എല്ലാ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളും ട്രക്കിംഗ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തസാധ്യതയുള്ള ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts