സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്നത് തമിഴ്നാട് സർക്കാർ പരിഗണിക്കുന്നു. ഓഗസ്റ്റ് 5-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആലോചനാ യോഗത്തിലാണ് അധ്യാപക സംഘടനാ പ്രതിനിധികൾ ഈ നിർദേശം മുന്നോട്ടുവെച്ചത്.

നിർദേശം നേരത്തെ തന്നെ സർക്കാരിൻ്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും വിഷയം സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്നും സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ.രാജ്മോഹൻ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകണമെന്ന ആവശ്യവും അധ്യാപക സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ബിരിയാണി ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനുപുറമെ, നിലവിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർഥികൾക്കും വ്യാപിപ്പിക്കണമെന്ന ആവശ്യവും അധ്യാപക സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 32 ലക്ഷം കുട്ടികളാണ് മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കൾ.

Related Posts