കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് ഡിഎംകെ കോടതിയെ സമീപിച്ചത്.
ടി.വി.കെ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രിമാരുൾപ്പെടെയുള്ളവർ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം. ഇത് അന്വേഷണത്തിൻ്റെ സുതാര്യതയെ ബാധിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
പൊതുമരാമത്ത് മന്ത്രി ആദവ് അർജുൻ അടുത്തിടെ നടത്തിയ ചില പരസ്യപ്രസ്താവനകളും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഡിഎംകെ ആരോപിക്കുന്നു. കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം നിഷ്പക്ഷമായും തടസ്സങ്ങളില്ലാതെയും മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യവുമായാണ് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.