ജീവിതാനുഭവങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചും പാർട്ടിയുമായി അകലുകയാണെന്ന സൂചനയും നൽകി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ജീവിതത്തിൽ കടന്നുവരുന്ന മനുഷ്യരും അനുഭവങ്ങളും ചില പാഠങ്ങൾ പഠിപ്പിക്കാനാണെന്നും, ഒരുകാലത്ത് തുണയായിരുന്ന ചില ബന്ധങ്ങളെയും ശീലങ്ങളെയും കാലത്തിനനുസരിച്ച് ഉപേക്ഷിക്കേണ്ടിവരുമെന്നും കുറിപ്പിൽ പറയുന്നു.
ബുദ്ധൻ തൻ്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു ചങ്ങാടത്തിൻ്റെ കഥയാണ് കുറിപ്പിൻ്റെ കേന്ദ്രപ്രമേയം. ആഴമേറിയ നദി കടക്കാൻ മരത്തടികളും കമ്പുകളും ഉപയോഗിച്ച് ചങ്ങാടമുണ്ടാക്കിയ ഒരാൾ സുരക്ഷിതമായി മറുകരയിലെത്തുന്നു. എന്നാൽ തന്നെ രക്ഷിച്ച ചങ്ങാടത്തോടുള്ള നന്ദി കാരണം അതിനെ തലയിലേറ്റി തുടർന്നും യാത്ര ചെയ്യാൻ അയാൾ തീരുമാനിക്കുന്നു ഈ പ്രവൃത്തിയുടെ ശരിതെറ്റുകളെക്കുറിച്ചുള്ള ചോദ്യത്തിലൂടെയാണ് ജീവിതത്തിലെ ചില തിരിച്ചറിവുകളിലേക്ക് കുറിപ്പ് വിരൽചൂണ്ടുന്നത്.
ഒരിക്കൽ സഹായിച്ച ബന്ധങ്ങൾ പിന്നീട് വേദനയുടെ കാരണമായേക്കാമെന്നും, ഒരുകാലത്ത് ശരിയെന്ന് തോന്നിയ കാര്യങ്ങൾ എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും ദിവ്യ കുറിക്കുന്നു. ചിലതിനോട് നന്ദിയുള്ളവരായിരിക്കുമ്പോഴും ചിലതിനെ സ്നേഹത്തോടെ വിട്ടയക്കാൻ പഠിക്കണമെന്നും കുറിപ്പിൽ പറയുന്നു.
ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലർ പാഠങ്ങൾ പഠിപ്പിക്കാനായിരിക്കാം എത്തുന്നതെന്നും ചില അനുഭവങ്ങൾ കൂടുതൽ കരുത്തുള്ളവരാക്കുമെന്നും ദിവ്യയുടെ കുറിപ്പിലുണ്ട്. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല, പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. “എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം’ എന്ന സന്ദേശവും കുറിപ്പിൽ പങ്കുവെക്കുന്നു.
താൻ പങ്കുവെക്കുന്നത് വെറും സങ്കൽപ്പകഥകളല്ലെന്നും ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണെന്നും ദിവ്യ വ്യക്തമാക്കുന്നു ചില കഥകളിൽ വായനക്കാർക്ക് പരിചിതമായ മുഖങ്ങളും ചില അനുഭവങ്ങളിൽ സ്വന്തം ജീവിതത്തിൻ്റെ പ്രതിഫലനവും കാണാനാകുമെന്നും കുറിപ്പിലുണ്ട്.