സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസിൽ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചതും നിയമസഭാ സമ്മേളനം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇഡി സമൻസിന് മറുപടി നൽകിയത്.

അതേസമയം, വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രീംകോടതി ഉത്തരവ് പിണറായി വിജയൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ശനിയാഴ്ച പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് വിജിലൻസ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിച്ചത്.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ചിൻ്റെ നടപടിക്കെതിരെ അപ്പീൽ നൽകാനാകില്ലെന്ന ഹൈക്കോടതി നിലപാടും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ പിണറായി വിജയൻ്റെ അപ്പീൽ ഹൈക്കോടതി ഉടൻ പരിഗണിച്ചേക്കുമെന്നാണ് സൂചന. പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹാജരാകും.

വിജിലൻസ് അന്വേഷണത്തിന് മാത്രമാണ് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുള്ളത്. കേസിലെ എഫ്ഐആർ റദ്ദാക്കിയിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണത്തിനും കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. അതിനാൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡിയുടെ നീക്കം.

Related Posts