സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ പുതിയ പരിഷ്‌കാരവുമായി മോട്ടോർ വാഹനവകുപ്പ്. ലേണേഴ്‌സ് ലൈസൻസ് നേടിയ ശേഷം ‘ഹസാർഡ് ടെസ്റ്റ്’ കൂടി നിർബന്ധമാക്കാനാണ് തീരുമാനം. ഡിസംബർ 1 മുതൽ പുതിയ പരീക്ഷ പ്രാബല്യത്തിൽ വരും.

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ച് 30 ദിവസം കഴിഞ്ഞായിരിക്കും ഹസാർഡ് ടെസ്റ്റ് നടത്തുക. നിലവിൽ ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാണ് നടത്തുന്നത്.

വീഡിയോ ഗെയിം മാതൃകയിലായിരിക്കും പുതിയ പരീക്ഷ. ആകെ പത്ത് വീഡിയോകളാണ് പരീക്ഷയിലുണ്ടാകുക. വീഡിയോ പ്ലേ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അപകടസാഹചര്യം പ്രത്യക്ഷപ്പെടും. ഈ സാഹചര്യത്തിൽ ഡ്രൈവർ സ്വീകരിക്കുന്ന പ്രതികരണമാണ് വിലയിരുത്തുക.

പത്ത് വീഡിയോകൾക്കും പരമാവധി 100 മാർക്കാണ്. പരീക്ഷ വിജയിക്കാൻ കുറഞ്ഞത് 60 മാർക്ക് നേടണം. പുതിയ പരീക്ഷ കൂടി വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമം കൂടുതൽ കർശനമാകും. റോഡപകടങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.

Related Posts