ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി തമിഴ്‌നാട് ഗതാഗതവകുപ്പ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 400 സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും 10.31 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന ഉടമകളോട് വിശദീകരണം നൽകാനും അധികൃതർ നിർദേശിച്ചു.

സാധാരണയായി 600 മുതൽ 1,000 രൂപ വരെ ഈടാക്കുന്ന ദീർഘദൂര യാത്രകൾക്ക് ഉത്സവകാലത്ത് ചില സ്വകാര്യ ബസുകൾ 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയതായി പരിശോധനയിൽ കണ്ടെത്തി. ചെന്നൈ–കോയമ്പത്തൂർ യാത്രയ്ക്ക് 1,000 രൂപയ്ക്ക് പകരം 3,000 രൂപ വരെയും ചെന്നൈ–കന്യാകുമാരി റൂട്ടിൽ 5,000 രൂപ വരെയും ഈടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

യാത്രാനിരക്കിൽ വൻ വർധനയുണ്ടായെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.

യാത്രക്കാരിൽ നിന്ന് അധികമായി ഈടാക്കിയ തുക തിരിച്ചുനൽകുന്നതിനുള്ള നടപടികളും ഗതാഗതവകുപ്പ് ആരംഭിച്ചു. ഇതിന് പുറമെ തമിഴ്‌നാട്ടിൽ സർവീസ് നടത്തിയ ഇതരസംസ്ഥാന സ്വകാര്യ ബസുകളിൽ നിന്ന് കുടിശ്ശികയായിരുന്ന 15.33 ലക്ഷം രൂപയുടെ നികുതിയും അധികൃതർ പിരിച്ചെടുത്തു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെയും റോഡ് നികുതി അടയ്ക്കാതെയും സർവീസ് നടത്തിയ നാല് ഇതരസംസ്ഥാന സ്വകാര്യ ബസുകളും പരിശോധനയ്ക്കിടെ പിടിയിലായി.

Related Posts