കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര വിഹിതത്തിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി നാളെ മുതൽ ലഭിക്കും. ഡിസംബർ 31 വരെ അധിക വൈദ്യുതി ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്രത്തിൻ്റെ നടപടി. 20 മെഗാവാട്ട് വൈദ്യുതി അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൻ്റെ ഭാഗമായി 150 മെഗാവാട്ട് ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു.

വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികൾ സർക്കാർ-വൈദ്യുതി വകുപ്പ് തലത്തിൽ തുടരുന്നതിനിടെയാണ് കേന്ദ്ര വിഹിതം താൽക്കാലിക ആശ്വാസമായി എത്തുന്നത്. ഇതിനുപുറമെ ഉത്തരേന്ത്യയിൽ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടെ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. അതേസമയം, നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 30 വരെ ഒരു യൂണിറ്റിന് 30 രൂപ നിരക്കിലായിരിക്കും വൈദ്യുതി വാങ്ങുക. കേന്ദ്ര വിഹിതവും അധിക വൈദ്യുതി വാങ്ങാനുള്ള തീരുമാനവും നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Related Posts