₹2,000 വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളോ യാതൊരു തരത്തിലുള്ള ചാർജും ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ₹2,000 വരെയുള്ള റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്നാണ് നിർദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതായുള്ള വിമർശനങ്ങൾക്കിടെയാണ് കേന്ദ്ര ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. വ്യക്തികൾ തമ്മിൽ നടത്തുന്ന പണമിടപാടുകൾക്കും സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യുപിഐ ഇടപാടുകൾക്കും ചാർജ് ഈടാക്കില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യുപിഐ ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
വൻകിട സ്ഥാപനങ്ങളിൽ നിന്നുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ വഴിയൊരുക്കുന്ന നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് യുപിഐ ചാർജുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.