കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണാഘോഷം ‘ഓണോത്സവം-26’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഓണാഘോഷം സോൺ വൈസ് ചെയർമാൻ സുരേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കേരള വനിതാ-ശിശുക്ഷേമ വകുപ്പുമന്ത്രി അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് കമ്മിഷണർ പി.ഗോപകുമാർ വിശിഷ്ടാതിഥിയായി.

പ്രോഗ്രം കൺവീനർ പി.ടി മാധവൻ സ്വഗതം പറഞ്ഞ യോഗത്തിൽ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ്‌ തോമസ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സോൺ കൺവീനർ പി.ആർ ഉണ്ണികൃഷ്ണൻ സോൺ റിപ്പോർട്ട് അവതരിപ്പിച്ചു വനിതാ വിഭാഗം അധ്യക്ഷ സുധാ സുധീർ നന്ദിപ്രകടനം നടത്തി. സോൺ ട്രഷറർ പ്രദീപ് കുമാർഎം, യുവജന വിഭാഗം അധ്യക്ഷൻ രാഹുൽ രാജ് എന്നിവർ സംബന്ധിച്ചു. ബാംഗ്ലൂർ നോർത്ത് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിതയായ കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ ഡോ. രാഗിത രാജേന്ദ്രനെ ചടങ്ങിൽവച്ച് ആദരിച്ചു.

ഓണോത്സവത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് 12ന് പി.എം.എ.ഗഫൂർ മോട്ടിവേഷണൽ സ്പീച്ച് നടത്തി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. വൈകിട്ട് 4.30ന് നടന്ന മെഗാ മ്യൂസിക്കൽ നൈറ്റ് പരിപാടിക്ക് പ്രശസ്ത പ്ലേബാക്ക് സിംഗർ നിഖിൽ നേതൃത്വം നൽകി. ഗാനസന്ധ്യ ഓണോത്സവത്തിനു മാറ്റുകൂട്ടി. പാരമ്പര്യവും കലയും സൗഹൃദവും ഒത്തുചേർന്ന ആഘോഷമായി ഓണാഘോഷം മാറി.

Related Posts