വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.ഐ.എമ്മിൽ ഏകദേശ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും മുകേഷിൻ്റെ ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവുമാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുകേഷിന് പകരം കരുത്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ജില്ലാ നേതൃത്വത്തിൽ സജീവമായി.
2016-ൽ 17,611 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാൽ 2021-ൽ ഇത് 2,072 വോട്ടുകളായി കുത്തനെ താഴ്ന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രനോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടതും മുകേഷിനെതിരെയുണ്ടായ ലൈംഗികാതിക്രമ പരാതികളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു പരീക്ഷണത്തിന് മുതിരാതെ ജനകീയ മുഖത്തെ രംഗത്തിറക്കാനാണ് സി.പി.ഐ.എം നീക്കം.