തലയ്ക്കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പുതറ മത്തായിപ്പാറ എം.സി.കവലയ്ക്കു സമീപം മലേക്കാവില് രജനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ സംഭവത്തിനുശേഷം കാണാതായി. രജനിയെ കൊലപ്പെടുത്തിയ ശേഷം സുബിന് ഒളിവില്‍ പോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇളയ കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തിയത്.
സുബിന് പരപ്പില്‍ നിന്നുള്ള ബസില്‍ കയറിപ്പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതികളും ലഭിച്ചിരുന്നു.
ഭർത്താവുമായി രജനി ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ഒരുമിച്ച് താമസമാരംഭിച്ചത്. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.