നാളെ മുതൽ വടക്കൻ കേരളത്തിൽ മഴയുടെ ശക്തി വർധിക്കുമെന്ന് കാലാവസ്ഥ പ്രവചനം.
നാളെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും.
തിങ്കളാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരപ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 5.30 മുതൽ രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.