സംസ്ഥാനത്ത് വീണ്ടും (കുരങ്ങ് പനി) എംപോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുടെ സ്വകാര്യത പരിഗണിച്ച് മറ്റ് വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന എട്ടാമത്തെ എംപോക്സ് കേസാണിത്. ജൂൺ മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസും ഇതുതന്നെയാണ്.
അതേസമയം, ഷിഗെല്ല രോഗബാധയും സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ഇന്ന് മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 9, തൃശൂർ 3, തിരുവനന്തപുരം 2, കണ്ണൂർ 2, കൊല്ലം 1, എറണാകുളം 1, മലപ്പുറം 1 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ കോഴിക്കോട്, വയനാട് ജില്ലകളിലാണ് കണ്ടെത്തിയത്. നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രോഗവ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 186 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 110 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിക്കുകയും ചെയ്തു. ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.