മലപ്പുറം താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നാട്ടുകൽ സ്വദേശികളായ മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ബോധപൂർവ്വം ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ യുവാക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫുട്ബോൾ മത്സരത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആസൂത്രിതമായ വധശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഷമീൽ എന്നിവരാണ് അക്രമത്തിന് ഇരയായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ പ്രതികൾ തങ്ങളുടെ വാഹനം കൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കാർ വെട്ടിപ്പൊളിച്ച് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
വാഹനമിടിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികൾ വടിവാൾ ഉപയോഗിച്ച് യുവാക്കളെ വധിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. കാർ തടഞ്ഞുനിർത്തി ആയുധങ്ങളുമായി ആക്രമിക്കാൻ തുടങ്ങിയതോടെ രക്ഷപ്പെട്ടോടാൻ ശ്രമിച്ച യുവാക്കളെ പ്രതികൾ തങ്ങളുടെ വാഹനത്തിൽ പിന്തുടരുകയും ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. രണ്ട് മാസം മുമ്പ് നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോൾ വധശ്രമം നടന്നിരിക്കുന്നത്. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അക്രമിസംഘത്തിനായി പെരിന്തൽമണ്ണ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.