പെൺകുട്ടികൾക്കും സ്ത്രീകൾക്കും ക്രിക്കറ്റ് പരിശീലനം നൽകുന്നതിന് വനിതാ കോച്ചുമാരെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പരിശീലന സമയത്ത് മുതിർന്ന വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
പരിശീലനത്തിനെത്തുന്ന പെൺകുട്ടികളും സ്ത്രീകളും ഉപയോഗിക്കുന്ന ഡ്രസിങ് റൂമുകളിലേക്കും വസ്ത്രം മാറുന്ന മുറികളിലേക്കും പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിരോധിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.
പരിശീലന കേന്ദ്രങ്ങളിൽ എത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ പരിശീലന വേദിയിൽ തുടരാൻ അനുവദിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ പരിശീലനം നേടിയിരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന വാർത്തകളെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. വനിതാ താരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്