കർണാടക നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ നേട്ടം. ഒഴിവുണ്ടായിരുന്ന ഏഴ് സീറ്റുകളിൽ അഞ്ചിടത്തും കോൺഗ്രസ് വിജയിച്ചപ്പോൾ രണ്ട് സീറ്റുകൾ ബിജെപി നിലനിർത്തി. ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല. തിരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ടിംഗ് നടന്നതായും ജെഡിഎസിലെ ആറു എംഎൽഎമാരും ബിജെപിയിലെ മൂന്ന് എംഎൽഎമാരും കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതാണ് കോൺഗ്രസിൻ്റെ മികച്ച വിജയത്തിന് വഴിയൊരുക്കിയത്.

ജെഡിഎസ് സ്ഥാനാർഥിയായ ഗോവിന്ദരാജുവിന് ലഭിച്ചത് 14 വോട്ടുകൾ മാത്രമാണ്. വിജയിക്കാൻ 28 വോട്ടുകൾ ആവശ്യമായിരുന്നു. ബി.കെ.ഹരിപ്രസാദ്, തിപ്പണ്ണപ്പ കാമകനൂർ, പി.വി.മോഹൻ, ശിവണ്ണ ബി.എസ്. വിനയ്, കാർത്തിക് പ്രകാശ് എന്നിവരാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ.

ബിജെപിയുടെ ലിംഗരാജ് പാട്ടീലും രഘു ആചാറും വിജയിച്ച് പാർട്ടിയുടെ രണ്ട് സീറ്റുകൾ നിലനിർത്തി. അതേസമയം ജെഡിഎസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

വിജയത്തോടെ 75 അംഗങ്ങളുള്ള നിയമസഭാ കൗൺസിലിൽ കോൺഗ്രസിൻ്റെ അംഗബലം 39 ആയി ഉയർന്നു. ബിജെപിക്ക് 29 അംഗങ്ങളും ജെഡിഎസിന് ആറ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും നിലവിലുണ്ട്.

Related Posts